Homepage Featured Kerala News

ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍; വെള്ളക്കെട്ട് ഉണ്ടാകാത്ത പദ്ധതിയാവണമെന്ന് കളക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍.വെള്ളക്കെട്ട് ഉണ്ടാകാത്ത പദ്ധതിയേ ആസൂത്രണം ചെയ്യാവൂയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുത്താണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്ന് വിവരാവകാശ പ്രകാരം സര്‍ക്കാര്‍ മറുപടി നൽകി.

പദ്ധതിക്കായി അപേക്ഷിച്ച 122.52 ഹെക്ടര്‍ ഭൂമിയിൽ 21.6 ഹെക്ടര്‍ മാത്രമാണ് പുരയിടം. ബാക്കി 100.92 ഹെക്ടറും നിലമാണ്. വെള്ളക്കെട്ട് സാധ്യത കൃഷി ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നൽകി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കുന്ന തരത്തിലുള്ള പദ്ധതി മാത്രമേ ആസൂത്രണം ചെയ്യാവൂവെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ പിന്മാറ്റം. പദ്ധതിക്കായി നിര്‍ദ്ദേശിച്ച കരഭൂമി നാല് വില്ലേജുകളിലായി ചിതറിക്കിടക്കുന്നതാണ്.

വിമാനത്താവളത്തിനുള്ള എല്ലാ ക്ലിയറന്‍സും എൽഡിഎഫ് സര്‍ക്കാര്‍ തന്നെ റദ്ദാക്കിയ സ്ഥലം ആയിരുന്നു ഇത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും നെൽകൃഷിയിറക്കിയ നിലം ഉള്‍പ്പെട്ട ഭൂമികൂടിയാണ് പദ്ധതി പ്രദേശം. ഇവിടെയാണ് കെജിഎസ് ഗ്രൂപ്പ് TOFL എന്ന് പേര് മാറ്റി ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയുമായി എത്തിയത്.

പുതിയ പദ്ധതിക്കായി നിലം നികത്തുന്നതിനെ കൃഷി വകുപ്പ് ശക്തമായി എതിർത്തിരുന്നു. നെൽവയൽ നിയമത്തിൽ ഇളവ് നൽകാനാവില്ല, കരയെന്ന് കമ്പനി അവകാശപ്പെടുന്ന സ്ഥലത്തെ നിര്‍മാണം പോലും നീരൊഴുക്ക് തടസ്സപ്പെടുത്തും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് വട്ടം ഫയൽ വന്നപ്പോഴും മന്ത്രി പി പ്രസാദ് എതിര്‍പ്പ് അറിയിച്ചു. റവന്യൂ വകുപ്പും പദ്ധതിയെ അനുകൂലിച്ചില്ല.

Related Posts