തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ.
ഭിന്നശേഷി സംവരണം നടത്താത്ത സ്കൂളുകളുടെ മറ്റു നിയമനങ്ങൾ തടഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് മറ്റ് എയ്ഡഡ് മാനേജുമെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടന്നിരുന്നു. നിയമനങ്ങൾ തടയുന്നതിനെതിരായി വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ പുതിയ നീക്കവുമായി രംഗത്തെത്തുന്നത്. എജിയുടെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
















