Gulf Homepage Featured News

ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു; 30 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും അനുമതി

ദോഹ: ഖത്തറിൽ റമദാൻ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ച് മണിക്കൂർ പ്രവൃത്തിസമയമായിരിക്കുമെന്ന് മന്ത്രിസഭാ കാര്യാലയത്തിലെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

പുതിയ നിർദ്ദേശപ്രകാരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക ജോലി സമയം. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊതുജന സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ, ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 30 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഇതിൽ ഖത്തറി സ്വദേശികളായ അമ്മമാർക്കും ഭിന്നശേഷിക്കാർക്കുമാണ് മുൻഗണന നൽകുന്നത്.

ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനായി ഫ്ലെക്സിബിൾ സമയം അനുവദിച്ചിട്ടുണ്ട്. രാവിലെ 10 മണി വരെ ജോലിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെങ്കിലും പ്രതിദിനമുള്ള അഞ്ച് മണിക്കൂർ ജോലി പൂർത്തിയാക്കിയിരിക്കണം.അതേസമയം, സ്വകാര്യ മേഖലയിൽ പരമാവധി ജോലി സമയം പ്രതിദിനം ആറ് മണിക്കൂർ (ആഴ്ചയിൽ 36 മണിക്കൂർ) ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരെത്തെ പ്രഖ്യാപിച്ചിരുന്നു.

Related Posts