India Lead News News

അസമിൽ മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ബിജെപിയിൽ ചേരും; മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി ഭൂപേൻ ബോറ

ഡൽഹി: അസമിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച കോൺ​ഗ്രസ് മുൻ അധ്യക്ഷൻ ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പിസിസി (എപിസിസി) അധ്യക്ഷായിരുന്ന ഭൂപേൻ ബോറയും ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഭൂപേൻ ബോറ ഫെബ്രുവരി 22ന് ബിജെപിയിൽ അം​ഗത്വം എടുക്കുമെന്ന് അസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2015 ൽ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

2021 മുതൽ 2025 മെയ് വരെ അസം കോൺ​ഗ്രസ് അധ്യക്ഷനായിരുന്നു ഭൂപേൻ ബോറ. 2025 മെയ് 26 ന് ഭൂപേൻ ബോറയെ മാറ്റി ഗൗരവ് ഗൊ​ഗോയിയെ കോൺ​ഗ്രസിന്റെ അസമിലെ അധ്യക്ഷനാക്കിയിരുന്നു. ഇതിന് ശേഷം പാർട്ടിയിൽനിന്ന് തുടർച്ചയായി അവ​ഗണന നേരിട്ടതായി ഭൂപേൻ ബോറ പറയുന്നു. അസമിലെ രാഷ്ട്രീയ സഖ്യത്തിന്റെ ഉത്തരവാദിത്തം ഭൂപേൻ ബോറയ്ക്കാണ് നൽകിയത്. എന്നാൽ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഗൊഗോയ് തന്നെ ആയിരുന്നു.

പാർട്ടിയിൽ നിന്ന് തനിക്കുണ്ടായ അപമാനമാണ് പാർട്ടി വിടാനുള്ള കാരണമെന്ന് ബോറ പറയുന്നു. “പ്രധാന കാരണം അപമാനമാണ്,” ബോറ എൻ‌ഡി‌ടി‌വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇതേ അനുഭവമാണ് തനിക്കും കോൺ​ഗ്രസ് പാർട്ടിയിൽ നിന്നുണ്ടായതെന്ന് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഭൂപൻ ബോറ അനുഭവിച്ച അതേ വേദനയാണ് ഞാനും അനുഭവിച്ചത്,” കോൺഗ്രസിൽ വർഷങ്ങളോളം നേതാവായിരുന്ന ശേഷം ബിജെപിയിലേക്ക് മാറിയ ശർമ്മ പറഞ്ഞു. അവർ “ഒരു പ്രത്യേക വ്യക്തിയെ പ്രീണിപ്പിക്കാൻ” മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അസംതൃപ്തനായ ശേഷം ഭൂപൻ ബോറയെ രാഹുൽ​ഗാന്ധി വിളിച്ചത് കൊണ്ട് ഫലമില്ലെന്നും ഹിമന്ത ബിശ്വ ശർമ വിശദീകരിച്ചു.

ഇന്നലെ കോൺ​ഗ്രസിൽ നിന്നും രാജിവെച്ച ഭൂപേൻ ബോറയെ ​ഗൗരവ് ​ഗോ​ഗോയിയടക്കമുള്ള നേതാക്കൾ നേരിട്ടുകണ്ട് അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. രാഹുൽ ​ഗാന്ധിയും കഴിഞ്ഞ ദിവസം ബോറയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ രാത്രിയോടെ ബോറ ഹിമന്തയുടെ വീട്ടിലെത്തി നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെ ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കോൺ​ഗ്രസ് എംഎൽഎ ആയ അബ്ദുൾ റാഷിദ് മണ്ഡൽ എന്നയാളും രണ്ട് ദിവസം മുമ്പ് കോൺ​ഗ്രസ് വിട്ടിരുന്നു. ഇയാൾ പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ആണ് അം​ഗത്വമെടുത്തത്.

Related Posts