ന്യൂഡൽഹി: ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ഗൽഗോത്തിയാസ് സർവകലാശാലയെ എഐ ഉച്ചകോടിയിൽനിന്നും പുറത്താക്കി. എന്നാൽ റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചു. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വിമർശനം നേരിടുകയാണ്.
ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും, യഥാർത്ഥ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് പകരം വെറും പിആർ ആയി ഉച്ചകോടി മാറിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാലയാണ് ഗാൽഗോത്തിയാസ്. എഐ ഇംപാക്ട് എക്സ്പോയിൽ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സർവകലാശാല ചൈനീസ് നിർമ്മിത റോബോട്ടിനെ അവതരിപ്പിച്ചത്. വിവിധ മാധ്യമങ്ങൾക്കും ഇത് സംബന്ധിച്ച് പ്രൊഫസർമാരും വിദ്യാർത്ഥികളും അഭിമുഖവും നൽകി. സർവകലാശാലയുടെ എഐ ഫണ്ടിൽനിന്നും 350 കോടി മുടക്കിയാണ് ഓറിയോൺ എന്ന് പേരിട്ട റോബോട്ടിനെ വികസിപ്പിച്ചതെന്നുവരെ ഒരു പ്രൊഫസർ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ചൈനീസ് മാധ്യമങ്ങൾ സർവകലാശാലയുടെ കള്ളത്തരം കണ്ടുപിടിച്ചു. യൂണിട്രീ എന്ന ചൈനീസ് കമ്പനിയുടെ ജിഒടു മോഡൽ റോബോ ഡോഗിനെ രണ്ട് ലക്ഷത്തിലധികം രൂപ നൽകി സർവകലാശാല വാങ്ങിയതാണെന്ന് വ്യക്തമായി.
















