ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തോമസ് പ്രിറ്റ്സ്‌കര്‍ രാജിവച്ചു. എപ്സ്റ്റീനുമായും കൂട്ടാളി ഗിസ്ലൈന്‍ മാക്സ്വെലുമായും ബന്ധം പുലര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കിയാണ് രാജി.
കമ്പനിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാകാതിരിക്കാനാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് പ്രിറ്റ്സ്‌കര്‍ പറഞ്ഞു. 2008-ല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ട ശേഷവും അദ്ദേഹവുമായുള്ള ബന്ധം തുടര്‍ന്നത് തനിക്ക് പറ്റിയ വലിയ പിഴവാണെന്ന് അദ്ദേഹം സമ്മതിച്ചു. ഹയാത്ത് ബോര്‍ഡിന് പ്രിറ്റ്സ്‌കര്‍ കൈമാറിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തോമസ് പ്രിറ്റ്സ്‌കറുടെ രാജി സ്വീകരിച്ച ബോര്‍ഡ്, നിലവിലെ ഹയാത്ത് പ്രസിഡന്റ് മാര്‍ക്ക് എസ്. ഹോപ്ലമസിയാനെ പുതിയ ചെയര്‍മാനായി നിയമിച്ചു. മെയ് മാസത്തില്‍ നടക്കുന്ന ഓഹരിയുടമകളുടെ യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വീണ്ടും മത്സരിക്കില്ലെന്നും പ്രിറ്റ്സ്‌കര്‍ അറിയിച്ചിട്ടുണ്ട്.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ (എപ്സ്റ്റീന്‍ ഫയല്‍സ്) അടുത്തിടെ പുറത്തുവന്നിരുന്നു. ഇതില്‍ പ്രിറ്റ്സ്‌കറും എപ്സ്റ്റീനും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങളും കൂടിക്കാഴ്ചകളുടെ വിവരങ്ങളും ഉണ്ടായിരുന്നു. എപ്സ്റ്റീന്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞ ശേഷവും ഇരുവരും തമ്മില്‍ സൗഹൃദം തുടര്‍ന്നിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ലോകപ്രശസ്തമായ ഹയാത്ത് ഹോട്ടല്‍ ശൃംഖലയുടെ അവകാശികളില്‍ ഒരാളും ശതകോടീശ്വരനുമാണ് തോമസ് പ്രിറ്റ്സ്‌കര്‍. 620 കോടി ഡോളറാണ് (ഏകദേശം 51,000 കോടി രൂപ) ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ ആസ്തി. ഷിക്കാഗോ ആസ്ഥാനമായ പ്രിറ്റ്സ്‌കര്‍ കുടുംബത്തിലെ 13 അവകാശികളില്‍ ഒരാളായ ഇദ്ദേഹം ഹയാത്ത് ഹോട്ടല്‍സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വാസ്തുവിദ്യാരംഗത്തെ പ്രശസ്തമായ പ്രിറ്റ്സ്‌കര്‍ പ്രൈസ് നല്‍കുന്ന ഹയാത്ത് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
















