ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെ മറ്റ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി: നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ‘ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ’ (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്. 2020-ലെ ടോയ്സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ ലംഘിച്ചതിനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ നടപടിയെടുത്തത്.
സ്വമേധയാ കേസെടുത്ത ശേഷം സ്നാപ്ഡീലിനെതിരെ (ഏസ് വെക്ടർ ലിമിറ്റഡ്) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതായി സിസിപിഎ ചീഫ് കമ്മീഷണർ നിധി ഖരെ പിടിഐയോട് പറഞ്ഞു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള മറ്റ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കും സ്റ്റാലിയൻ ട്രേഡിംഗ് കമ്പനി, ഇലക്ട്രോണിക്സ് ബസാർ സ്റ്റോർ തുടങ്ങിയ വിൽപ്പനക്കാർക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഉപഭോക്തൃ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിന് കോൺടാക്റ്റ് നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, പരാതി പരിഹാര ഓഫീസറുടെ വിശദാംശങ്ങൾ എന്നിവ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കളിപ്പാട്ടങ്ങൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി.
















