Homepage Featured Kerala News

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് നടി രേഖ രതീഷിന്റെ പരാതി; മറുനാടൻ മലയാളി അടക്കമുള്ളവർ തനിക്കെതിരെ വീഡിയോ ചെയ്തെന്ന് നടി

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്. സൈബർ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടപ്പോൾ തന്നെ പിന്തുണച്ചവർക്ക് രേഖ രതീഷ് നന്ദി പറഞ്ഞു. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോകൾ ചെയ്തിരുന്നുവെന്ന് രേഖ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് രേഖ രതീഷ് ഇക്കാര്യം പറഞ്ഞത്.

ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയ്ക്ക് ആ പ്രഷര്‍ മാറുമെന്ന് മകന്‍ പറഞ്ഞപ്പോള്‍, തനിക്ക് ആരും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് തന്‍റെ മുന്നില്‍ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നുവെന്ന് രേഖ രതീഷ് പറയുന്നു. വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ലെന്നും രേഖ രതീഷ് വീഡിയോയിൽ പറയുന്നു. ‘എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്.’ വീഡിയോയിൽ രേഖ രതീഷ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ചില വ്ലോ​ഗർമാർ തനിക്കെതിരെ മോശമായ തലക്കെട്ടോടെ വീഡിയോകൾ ചിത്രീകരിക്കുകയും തന്നെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ നടിയായ രേഖ രതീഷ് കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. ജീവിക്കാനനുവദിക്കാതെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് വ്ലോ​ഗർമാരെന്നും ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിഞ്ഞുപോകുന്നുണ്ടെന്നും രേഖ പറഞ്ഞിരുന്നു. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നയാളാണ് താനെന്നും തനിക്ക് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ടെന്നും രേഖ തന്റെ വീഡിയോയിൽ പറയുന്നു.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം വ്ലോ​ഗർമാരാണ്. തന്നെ മാത്രമല്ല തന്റെ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചൂഷണം ചെയ്യുന്ന നിരവധി യൂ ട്യൂബർമാരുണ്ടെന്ന് രേഖ രതീഷ് പറയുന്നു. ഇങ്ങനെയുള്ള അനുഭവം തന്റെ ഒരു സഹോദരർക്കും ഉണ്ടാകാതിരിക്കാൻ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും വീഡിയോയിൽ രേഖ രതീഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രേഖ രതീഷ് ഇന്നലെ വൈകീട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Related Posts