തിരുവനന്തപുരം: ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നു വർഷത്തെ തടവും പിഴയും ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന ഹർജിയിലാണ് ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
കേസിൽ രണ്ടുവർഷത്തിലധികം ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. 1951 ജനപ്രാതിനിധ്യ നിയമപ്രകാരമാണ് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായത്. ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവാണ് ആന്റണി രാജു. 2016 ൽ കേരള കോൺഗ്രസ് (എം) ൽ നിന്ന് വേർപെട്ടാണ് ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചത്. കെ ഫ്രാൻസിസ് ജോർജ്ജ്, കെസി ജോസഫ്, പിസി ജോസഫ്, ആന്റണി രാജു തുടങ്ങിയവരാണ് അന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമായത്. 2021 മെയ് മുതൽ 2023 ഡിസംബർ വരെ കേരളത്തിന്റെ ഗതാഗത മന്ത്രി ആയിരുന്നു ആന്റണി രാജു.
ശിക്ഷാവിധി കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ എംഎൽഎ സ്ഥാനത്ത് തുടരാൻ കഴിയുമെന്നതിനാൽ ഇന്നത്തെ വിധി ആന്റണി രാജുവിന് നിർണായകമാണ്. രജിസ്റ്റർ ചെയ്തത് മുതൽ കേസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ആന്റണി രാജു വാദിക്കുന്നത്. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
















