ഫ്ലോറിഡ: 50 വർഷത്തിന് ശേഷം ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. മനുഷ്യനെ ചന്ദ്രന് സമീപത്ത് എത്തിച്ച് ഗവേഷണം നടത്താനുള്ള ആർട്ടെമിസ് II ദൗത്യത്തിനാണ് അമേരിക്കയുടെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രമായ നാസ ഒരുങ്ങുന്നത്. 2022-ൽ ക്രൂവില്ലാതെ നടത്തിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് I ന്റെ വിജയത്തിന് പിന്നാലെയാണ് ആർട്ടെമിസ് II എന്ന പേരിൽ ബഹിരാകാശ സഞ്ചാരികളെ ഉൾപ്പെടുത്തിയ ദൗത്യത്തിന് നാസ ഒരുങ്ങുന്നത്. SLS (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റിന്റെ സഹായത്തോടെ ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് നാസയുടെ സംഘത്തിന്റെ ദൗത്യം.
പരീക്ഷണപ്പറക്കലിന് മുന്നോടിയായി നടത്തുന്ന വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19-ന് നടക്കുമെന്ന് നാസ അറിയിച്ചു. ദൗത്യത്തിന് ഉപയോഗിക്കുന്ന SLS റോക്കറ്റിൽ ഇന്ധനം നിറച്ചുള്ള പരീക്ഷണമാണ് ഇത്. ഇന്ധനച്ചോർച്ച അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനാണ് വെറ്റ് ഡ്രസ് റിഹേഴ്സൽ നടത്തുന്നത്. ഇതിനുശേഷം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി ലോഞ്ച് പാഡിൽ വെച്ചാകും വിക്ഷേപണം നടക്കുക.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷമുള്ള മനുഷ്യനെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് ആർട്ടെമിസ് II . റീഡ് വൈസ്‌മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ ആണ് റോക്കറ്റിന്റെ പൈലറ്റ്. മിഷൻ സ്പെഷ്യലിസ്റ്റുമാരായി ജെറമി ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി), ക്രിസ്റ്റീന കോച്ച് എന്നിങ്ങനെ രണ്ടുപേരും സംഘത്തിലുണ്ട്. ചന്ദ്രനെ ചുറ്റി തിരികെ വരാനാണ് ആർട്ടെമിസ് II ൽ ലക്ഷ്യമിടുന്നത്. ആർട്ടെമിസ് III ദൗത്യത്തിൽ മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനുമുമ്പുള്ള മുന്നൊരുക്കം ആയാണ് ആർട്ടെമിസ് II ദൗത്യം നടത്തുന്നത്.
















