Homepage Featured Kerala News

മെഡിസെപ്പ്: പുതിയ നിബന്ധനകളിൽ ഭാഗിക എം പാനലായ സ്വകാര്യ ആശുപത്രികള്‍ പുറത്ത്; എല്ലാ വിഭാഗം ചികിത്സകളും ഉൾപ്പെടുത്തണമെന്ന് നിബന്ധന

കോഴിക്കോട്: എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മെഡിസെപ്പ് പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്ന് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്. ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെയാണ് മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ചികിത്സ തേടിയിരുന്ന രോഗികള്‍ ദുരിതത്തിലായതായി ആക്ഷേപം. ഇത്തരം ആശുപത്രികളില്‍ ഡയാലിസിസ്, കീമോ തുടങ്ങിയ ജീവന്‍രക്ഷാ ചികില്‍സകള്‍ നടത്തുന്ന രോഗികളാണ് ദുരിതത്തിലായത്.

ആദ്യ ഘട്ടത്തില്‍ പാര്‍ഷ്യലി എം പാനല്‍ഡ് അതായത് ചില ചികില്‍സ വിഭാഗങ്ങള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളും മെഡിസെപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തിലെ നിബന്ധനകളിലൊന്ന് ആശുപത്രിയിലെ എല്ലാ ചികില്‍സകളും മെഡ‍ിസെപ്പിന് പരിധിയില്‍ വരണമെന്നുള്ളതാണ്. ഇത് പാലിക്കാത്ത സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെഡിസെപ്പ് ഭാഗിക എം പാനല്‍ഡായ ആശുപത്രികളില്‍ ഡയാലിസിസ് പോലുള്ള ചികില്‍സ ചെയ്തുവരുന്ന രോഗികള്‍ ബുദ്ധിമുട്ടിലായി. പലര്‍ക്കും ഓരോ മാസവും നാല്‍പതിനായിരത്തോളം രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. മെഡിസെപ്പ് പരിരക്ഷ ലഭിക്കില്ല എന്ന അറിയിപ്പ് ഇവര്‍ക്ക് മുന്‍കൂട്ടി ലഭിച്ചുമില്ല. ഫുള്ളി എം പാനല്‍ഡായ മറ്റ് ആശുപത്രികളെ ഇവര്‍ക്ക് സമീപിക്കാമെങ്കിലും ഡയാലിസിസിന് അവിടെ പെട്ടെന്ന് സ്ലോട്ട് കിട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തിയും കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തിയുമുള്ള മെഡിസെപ്പ് രണ്ടാം ഘട്ടം ഈ മാസമാണ് പ്രാബല്യത്തില്‍ വന്നത്.

Related Posts