പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കെ ജയകുമാർ. 8.22 കോടിയോളം രൂപ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനം ബില്ലിട്ടിരുന്നെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. എംഒയു അനുസരിച്ച് 8.22 കോടിയാണ് ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ ചെലവ് ചുരുക്കുന്നതിനായി ദേവസ്വം ബോർഡ് 4.99 കോടി രൂപ മാത്രമേ നൽകാനാകൂ എന്ന് കമ്പനിയെ അറിയിച്ചെന്നും കെ ജയകുമാർ പറയുന്നു.
പരിപാടിക്കായി ഉപയോഗിച്ച ദേവസ്വത്തിന്റെ തുകയായ 3 കോടി രൂപ തിരിച്ചടച്ചെന്നും കെ ജയകുമാർ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിൽ ക്രമക്കേടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ജയകുമാർ. ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ ഫെബ്രുവരി 13 ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തൽ അനുസരിച്ച് ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടുകളുണ്ട്. ഉത്തരവാദപ്പെട്ടവര്‍ കണക്ക് ശരിയാക്കണം എന്നായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.
















