സമൂഹമാധ്യമങ്ങളിലെ ചില വ്ലോഗർമാർ തനിക്കെതിരെ മോശമായ തലക്കെട്ടോടെ വീഡിയോകൾ ചിത്രീകരിക്കുകയും തന്നെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ നടിയായ രേഖ രതീഷ്. ജീവിക്കാനനുവദിക്കാതെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് വ്ലോഗർമാരെന്നും ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിഞ്ഞുപോകുന്നുണ്ടെന്നും രേഖ പറയുന്നു. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നയാളാണ് താനെന്നും തനിക്ക് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ടെന്നും രേഖ തന്റെ വീഡിയോയിൽ പറയുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം വ്ലോഗർമാരാണ്. തന്നെ മാത്രമല്ല തന്റെ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചൂഷണം ചെയ്യുന്ന നിരവധി യൂ ട്യൂബർമാരുണ്ടെന്ന് രേഖ രതീഷ് പറയുന്നു. ഇങ്ങനെയുള്ള അനുഭവം തന്റെ ഒരു സഹോദരർക്കും ഉണ്ടാകാതിരിക്കാൻ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും വീഡിയോയിൽ രേഖ രതീഷ് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
















