കൊച്ചി: കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുന:പരിശോധിക്കാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
തുടർന്ന് സിൻഡിക്കേറ്റ് സസ്പെൻഷൻ നടപടി പുന:പരിശോധിച്ചെങ്കിലും ഇത് അംഗീകരിക്കാൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ തയ്യാറായിരുന്നില്ല. ഇതാണ് കോടതിയലക്ഷ്യമായി ചൂണ്ടിക്കാണിച്ച് മുൻ രജിസ്ട്രാർ കെഎസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ആയിരുന്നു കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ആയിരുന്ന കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
‘അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ’ എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദർശിപ്പിച്ചതിനെത്തുടർന്ന് രജിസ്ട്രാർ ആയിരുന്ന കെഎസ് അനിൽകുമാർ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെഎസ് അനിൽകുമാറിനെ ഗവർണറുടെ നിർദേശപ്രകാരം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ ജൂലൈ 2-നായിരുന്നു സസ്പെൻഡ് ചെയ്തത്.
















