എറണാകുളം: ഭിന്നശേഷി സേവന മേഖലയിൽ 37വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫെയ്ത്ത് ഇന്ത്യയുടെ പുതിയ ചുവടുവെപ്പായി ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന് തുടക്കം കുറിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് വെണ്ണികുളം ഫെയ്ത്ത് ഇന്ത്യ ക്യാമ്പസിൽ നടന്ന ചടങ്ങിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആറു വയസു വരെ പ്രായത്തിലുള്ള കുട്ടികൾക്കാവശ്യമായി വരുന്ന എല്ലാ തെറാപ്യുട്ടിക് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. 2012 മുതൽ ശബരി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഭരണാസമിതിയാണ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.

ഒക്കുപേഷൻ തെറാപ്പി ,ഫിസിയോതെറാപ്പി, ബിഹേവിയറൽ തെറാപ്പി, സെന്‍സറി റൂം, മൾട്ടി സെന്‍സറി പാർക്ക് തുടങ്ങിയ ഭിന്നശേഷി പരിശീലന പദ്ധതികളുടെ വിധ തലങ്ങൾ ഉൾകൊള്ളുന്ന സംരംഭമാണ് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ സിഎസ്ആർ ഇനിഷ്യറ്റീവ് പദ്ധതിയുടെ ധന സഹായത്തോടെ ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

കാഴ്ച്ച പരിമിതിയുള്ള പ്രൊ.കെ എ ചന്ദ്രശേഖരൻ എന്ന കോളേജ് അധ്യാപകന്റെ അകക്കണ്ണിൽ വിരിഞ്ഞ ആശയത്തിൽ വിരിഞ്ഞ ഫെയ്ത്ത് ഇന്ത്യ ഭിന്നശേഷി പരിശീലന മേഖലയിൽ വലിയ സംഭാവനകൾ നൽകി വരുന്നു. സ്പെഷ്യൽ സ്കൂൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ അധ്യാപക പരിശീലന കേന്ദ്രം എന്നിവയാണ് നിലവിൽ പ്രവർത്തന മേഖലകൾ.
ഫെയ്ത്ത് ഇന്ത്യ പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ജോൺ ജോഷി മുഖ്യ പ്രഭാഷണം നടത്തി.

















