ഡൽഹി: ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ ഉൾപ്പെടെ ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കൈമാറി. ജയിലിൽ കഴിയുന്ന പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് താരങ്ങളുടെ നിവേദനം. ഇമ്രാൻ ഖാന്റെ കണ്ണിന്റെ കാഴ്ചശക്തി 15 ശതമാനം മാത്രമായിട്ടും അദ്ദേഹത്തിന് ചികിത്സ നൽകിയില്ലെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ പാക് സുപ്രീംകോടതിയെ അടക്കം സമീപിച്ചിട്ടുണ്ട്.
ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിലാണ് 14 മുൻ ക്യാപ്റ്റന്മാർ ഒപ്പിട്ട നിവേദനം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറിയത്. പാകിസ്ഥാനിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്. പാകിസ്ഥാന്റെ താരങ്ങളാരും നിവേദനത്തിൽ ഒപ്പിട്ടില്ല. അതേസമയം വസീം അക്രം, വഖാർ യൂനിസ്, ഷാഹിദ് അഫ്രീദി എന്നിവർ ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിക്കേസിൽ 31 വർഷത്തേക്ക് ജയിലിൽ അടയ്ക്കപ്പെട്ട ഇമ്രാൻ ഖാന് ഡോക്ടർമാരെയോ കുടുംബാംഗങ്ങളെയോ കാണാൻ അനുവാദമില്ല. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ തുടരുകയാണ് ഇമ്രാൻ ഖാൻ.
ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ എന്നിവർക്കൊപ്പം ഗ്രെഗ് ചാപ്പൽ, അലൻ ബോർഡർ, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിൻഡ ക്ലർക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ ആതർട്ടൺ, നാസർ ഹുസൈൻ, ഡേവിഡ് ഗവർ, മൈക്കൽ ബ്രിയർലി, വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസിലന്‍ഡ് മുന്‍ താരം ജോൺ റൈറ്റ് എന്നിവരാണ് ഇമ്രാൻ ഖാന് ചികിത്സനൽകണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ടത്.
















