Homepage Featured Kerala News

കോൺ​ഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പ്രേംകുമാർ; കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും

കോട്ടയം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും. നാളെ വൈകുന്നേരം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആണ് പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുക. നാളെ വൈകീട്ട് കോട്ടയം നാ​ഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ 5.30 നാണ് പരിപാടി. അതേസമയം ഏതെങ്കിലും പാർട്ടിയിൽ അം​ഗത്വമെടുക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രേംകുമാർ വ്യക്തമാക്കിയിരുന്നു.

സിപിഎം സഹയാത്രികനായി തുടരുമ്പോഴും താൻ പാർട്ടി മെമ്പർഷിപ്പ് എടുത്തിരുന്നില്ലെന്ന് പ്രേംകുമാർ പറഞ്ഞിരുന്നു. കർഷകസമരം, പൗരത്വ നിയമ ഭേദ​ഗതി തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ദേശാഭിമാനിയിലും ചില ലേഖനങ്ങൾ താൻ എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാകണം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ തനിക്ക് ചലച്ചിത്ര അക്കാദമിയുടെ ചുമതല നൽകിയതെന്ന് പ്രേംകുമാർ പറഞ്ഞിരുന്നു. താൻ കോൺ​ഗ്രസ് കുടുംബമാണെന്നും പ്രേംകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചലച്ചിത്രോത്സവം (ഐഎഫ്എഫ്‍കെ) നടക്കുന്നതിന് തൊട്ടുമുമ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ മാത്രം നീക്കിയതായിരുന്നു പ്രേംകുമാറിനെ ചൊടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി അജോയ് കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്നതായി പറഞ്ഞ പ്രേംകുമാർ എന്ത് അടിയന്തിര സാഹചര്യമാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ മാത്രം ഉണ്ടായിരുന്നതെന്നും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം കോൺ​ഗ്രസ് പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്.

Related Posts