Homepage Featured News World

IAEA ഡയറക്ടറുമായി ആണവ ചർച്ചയ്ക്ക് ഒരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി; ഉപരോധം ഒഴിവാക്കാനെന്ന് ഇറാൻ

ജനീവ: യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച യുഎന്നിന്റെ ഭാ​ഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടറെ കാണുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. ഇതനുസരിച്ച് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച നടത്തും. ആണവോർജ്ജ ഏജൻസിയുടെ ഉപരോധം ഒഴിവാക്കാനായി തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും ഒഴിവാക്കുകയെന്നത് അംഗീകരിക്കില്ലെന്നും ഇറാൻ പറയുന്നു.

തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ആശങ്കകൾ അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഇറാൻ പറയുന്നു. ഇതിനായി സാങ്കേതിക ചർച്ചകൾക്കായി ആണവ വിദഗ്ധരോടൊപ്പം തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയെ കാണുമെന്ന് അരഖ്ചി പറഞ്ഞു. അതേസമയം ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാനിലേക്ക് സൈനിക നീക്കത്തിനുള്ള രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാനിൽ ഇസ്രായേലി-യുഎസ് സ്ട്രൈക്ക് നടക്കുന്ന കാലത്ത് ഇറാന്റെ കൈവശമുണ്ടായിരുന്ന 440 kg യുറേനിയത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസി( IAEA) മാസങ്ങളായി ഇറാനോട് വിശദീകരണം തേടിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലി-യുഎസ് സ്ട്രൈക്ക് നടന്ന ഇറാനിലെ നടാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളെക്കുറിച്ചും IAEA നേരത്തേ വിശദീകരണം തേടിയിരുന്നു.

ഇറാനുമായുള്ള കരാറിന്റെ ഭാ​ഗമായി ഇറാന്റെ ആണവകേന്ദ്രങ്ങൾ അടക്കം പൊളിച്ചുമാറ്റണമെന്ന് ഡൊണാൾഡ് ട്രംപിനോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം IAEA – ഇറാൻ നേതൃത്വ കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല.

Related Posts