ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇരുവരുടേയും ചർച്ചയ്ക്ക് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് തയ്യാറെടുക്കുകയാണ് ഇന്ത്യയും ഫ്രാൻസുമെന്ന് റിപ്പോർട്ടുകളുണ്ട്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇമ്മാനുവൽ മാക്രോൺ ഇന്ന് (2026 ഫെബ്രുവരി 16 ന്) മുംബൈയിലെത്തും. മുബൈയിൽ വെച്ചുതന്നെയാണ് നാളെ( 2026 ഫെബ്രുവരി 17 ന് ചൊവ്വാഴ്ച) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുക. തുടർന്ന് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് തിരിക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് അനുസരിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ധാരണാപത്രം ഒപ്പുവെച്ച ശേഷം സംയുക്ത മാധ്യമ പ്രസ്താവന നടത്തും. തുടർന്ന് താജ് മഹൽ പാലസ് ഹോട്ടലിൽ വെച്ച് നടത്തുന്ന ‘ദി ഇന്ത്യ ഇന്നവേഷൻ ഫോറം’ എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കും. ഇമ്മാനുവൽ മാക്രോണിനൊപ്പം ഭാര്യയും ഫ്രഞ്ച് പ്രഥമ വനിതയുമായ മാഡം ബ്രിജിറ്റ് മാക്രോണും ഉണ്ടാകും. ഫെബ്രുവരി 19 വരെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.
ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ഉൾപ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2026 ൽ ഇരു രാജ്യങ്ങളിലും ആഘോഷിക്കുന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷത്തിന്റെ സംയുക്ത ഉദ്ഘാടനം മുംബൈയിൽ നടക്കും. ഫെബ്രുവരി 19 ന് ന്യൂഡൽഹിയിൽ വെച്ചാകും എഐ ഇംപാക്ട് ഉച്ചകോടി നടക്കുക.
കഴിഞ്ഞയാഴ്ച ഫ്രാൻസിൽ നിന്ന് 40 ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ കാബിനെറ്റ് അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കാബിനെറ്റ് തീരുമാനിച്ചിരുന്നു.
















