തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവതീ പ്രവേശനത്തിന് എതിരാണ് സംസ്ഥാനത്തിന്റെ നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ പുതിയ അഫിഡവിറ്റ് സമർപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് ഇതുവരെ കോടതിയിൽ തിരുത്തിയിട്ടില്ലെന്നും അവർക്കതിന് കഴിയില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാലും പ്രതികരിച്ചു. വിഷയം തങ്ങൾക്ക് ഒരുപാട് വിഷമമുണ്ടാക്കിയതാണെന്നും ഇനിയും വിഷമിപ്പിക്കാനാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന് കോടതിയിൽ തിരുത്തൽ നടത്താനുള്ള അവസാനത്തെ അവസരമാണ് നാളെയെന്നും കെസി വേണുഗോപാൽ പറയുന്നു.
അതേസമയം വിഷയത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണം നടത്തുക എന്ന് ഉദ്ദേശം ഇപ്പോഴില്ലെന്ന് വിജയരാഷവൻ വ്യക്തമാക്കി.
സാംസ്കാരിക നായകർ എന്നു പറഞ്ഞാൽ തന്നെ ഭിന്നാഭിപ്രായം പറയുന്നവരാണെന്ന് എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സാംസ്കാരിക നായകർ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.
മത രാഷ്ട്രവാദത്തിനെതിരെ സമസ്ത നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് സമസ്ത കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ‘വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കും ഉള്ള മുന്നറിയിപ്പാണ് ഇത്.’-എംവി ഗോവിന്ദൻ പറഞ്ഞു.
















