ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ റിസർവുചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറണം എന്ന് കർശന നിർദേശവുമായി റെയിൽവേ. ടിക്കറ്റിൽ നൽകിയ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് തന്നെ കയറിയില്ലെങ്കിൽ യാത്രക്കാരന് ഇനി മുതൽ സീറ്റ് കിട്ടില്ല. മുൻപ് യാത്രക്കാർ ബോർഡിങ് സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയില്ലെങ്കിൽ ഒന്നോ രണ്ടോ സ്റ്റേഷൻ കഴിയും വരെ ടിടിഇമാർ സീറ്റ് മറ്റാർക്കും നൽകാതെ കാത്തുസൂക്ഷിക്കുമായിരുന്നു.
എന്നാൽ ഇനിമുതൽ ടിടിഇമാർ ഹാൻഡ് ഹെൽഡ് ടെർമിനൽ ടാബ് ഉപയോഗിച്ച് ഇത്തരം ടിക്കറ്റുകൽ വൈയ്റ്റിങ് ലിസ്റ്റിലോ ആർഎസി ടിക്കറ്റിലോ ഉള്ള യാത്രക്കാർക്ക് കൈമാറുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. സീറ്റുകൾ മറ്റ് യാത്രക്കാർക്ക് കൈമാറിയ വിവരം എസ്എംഎസ് ആയി ബുക്ക് ചെയ്ത യാത്രക്കാരെ അറിയിക്കുകയും ചെയ്യും. അതേസമയം ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൗകര്യം ഉണ്ട്. ഇത് ഉപയോഗിച്ച് ബോർഡിങ് അടുത്ത സ്റ്റേഷനിലേക്ക് മാറ്റിയാൽ സീറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
















