ഡൽഹി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ ഫോൺ ഉപയോഗിക്കുന്നവർ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസഹമന്ത്രി പാർലമെൻ്റിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാമെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരെ നിയന്ത്രിക്കാൻ പൈലറ്റ്-ഇൻ-കമാൻഡിന് അധികാരമുണ്ട്. ഇയർഫോണുകൾ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഉപകരണങ്ങളുടെയോ സ്പീക്കറുകളുടെയോ വ്യക്തിപരമായ ഉപയോഗം ക്രമരഹിതമായ പെരുമാറ്റമായി കണക്കാക്കാമെന്നാണ് മന്ത്രി പറയുന്നത്. ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് തടയാൻ പ്രത്യേകമായി നിയമമൊന്നുമില്ലെങ്കിലും, ജീവനക്കാർക്കും യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം നടപടി സ്വീകരിക്കാനാകും.
















