നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും മുറുകുന്നു. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലും ഒരു ഗ്രൂപ്പുണ്ട്. സതീശന്റെ അപ്രമാദിത്തത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംഘടിക്കുന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത്.
സതീശന് ‘പുതുയുഗയാത്ര’ നയിക്കുന്നതിനിടയില്‍ തന്നെ എഐസിസി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണ കമ്മിറ്റിയും പ്രകടന പത്രിക കമ്മിറ്റിയും രൂപീകരിച്ചിരിക്കുകയാണ്. സതീശന്റെ അനുമതിയില്ലാതെയാണ് എഐസിസി പ്രഖ്യാപനം നടത്തിയതെന്നാണ് വിവരം. കെ.സി വേണുഗോപാലാണ് ഇതിനായുള്ള ഇടപെടല്‍ നടത്തിയത്. ഇരു കമ്മിറ്റികളിലും സതീശനോടു അടുപ്പമുള്ള നേതാക്കള്‍ വരാതിരിക്കാന്‍ വേണുഗോപാല്‍ ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
എ, ഐ ഗ്രൂപ്പുകള്‍ക്കു കൃത്യമായ പ്രാതിനിധ്യം നല്‍കിയാണ് കമ്മിറ്റികളുടെ രൂപീകരണം. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയില്‍ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയാണ് ചെയര്മാന്. സതീശനുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ശശി തരൂര്‍ കോ. ചെയര്‍മാനും ഷാഫി പറമ്പില്‍ കണ്‍വീനറുമാണ്. പ്രകടനപത്രിക കമ്മിറ്റി ചെയര്മാന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബെഹനാന് ആണ്. കൊടിക്കുന്നില്‍ സുരേഷ് കോ.ചെയര്മാന്. പ്രചാരണ കമ്മിറ്റി അംഗങ്ങളായ ഹൈബി ഈഡന്, റോജി എം ജോണ്‍, മാത്യു കുഴല്നാടന്, സി.ആര്.മഹേഷ്, രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരെല്ലാം വി.ഡി സതീശനെക്കാള്‍ രമേശ് ചെന്നിത്തലയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ഡീന്‍ കുര്യാക്കോസും ജെബി മേത്തറുമാണ് പ്രകടനപത്രിക കമ്മിറ്റിയിലുള്ളത്.
സതീശന് പാര്‍ട്ടിയെ തന്റെ കീഴിലാക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കു അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെ.സി.വേണുഗോപാല്‍ ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സതീശന് വിരുദ്ധ പാളയത്തില്‍ നിന്നുള്ളവരെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയിലും പ്രകടനപത്രിക കമ്മിറ്റിയിലും ചേര്‍ത്തിരിക്കുന്നത്. ഇതോടെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാകുന്നു. മാത്രമല്ല കെ.സി വേണുഗോപാല്‍ നിയമസഭയിലേക്ക് മത്സരിക്കാനുള്ള കളവും ഒരുങ്ങി. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ വേണുഗോപാല്‍ മന്ത്രിയാകുകയും ചെയ്യും.
















