Homepage Featured Kerala News

നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ആലിൻ ഷെറിൻ; സംസ്കാരം വൈകുന്നേരം നാല് മണിക്ക് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിൽ

പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയാകുന്ന പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് നാടിന്റെ സ്നേഹാദരം. ആലിൻ ഷെറിന്റെ ഭൗതികശരീരം ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകൾ ആലിന് അന്തിമോപചാരം അർപ്പിക്കുകയാണ്.

ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ആലിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുക. കണ്ണീരടക്കനാകാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുകയാണ്. അതേസമയം അന്തിമോപചാരമർപ്പിക്കാനായി മന്ത്രി വിഎൻ വാസവനടക്കമുള്ള ​ഗവൺമെന്റിന്റെ പ്രതിനിധികൾ ഉച്ചയ്ക്ക് ശേഷം ആലിൻ ഷെറിൻ അബ്രഹാമിന്റെ വീട്ടിലെത്തും. ഔദ്യോ​ഗിക ബഹുമതികളോടെയാകും ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിക്കുക. സംസ്കാരം വൈകുന്നേരം നാല് മണിക്ക് നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിൽ ആണ് നടക്കുക.

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗത്തെത്തുടർന്ന് മാതാപിതാക്കളായ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും തീരുമാനമനുസരിച്ച് കുഞ്ഞിന്റെ അവയവങ്ങൾ നാല് പേർക്ക് ദാനമായി നൽകുകയായിരുന്നു. കുട്ടിയുടെ രണ്ട് വൃക്കകൾ, ഹൃദയവാൽവ്, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്ത് അവയവദാനത്തിന്റെ വലിയ സന്ദേശം നൽകുകയായിരുന്നു. ആലിന്റെ മാതാപിതാക്കൾ ചെയ്തത്.. കേരളത്തിലെ അവയവദാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ അവയവദാനമാണ് ഇത്.

Related Posts