തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ വൃക്ക നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രേയയ്ക്ക് പുതുജീവൻ നൽകുന്നു. ഇരു വൃക്കകളും തകരാറിലായ ശ്രേയയുടെ ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പൂർത്തിയായി. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്ന ആലിൻ ഷെറിന്റെ മസ്തിഷ്ക മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാതാപിതാക്കൾ ആലിൻ ഷെറിന്റെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.
മല്ലപ്പള്ളി സ്വദേശികളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകുന്നുണ്ട്. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തിച്ച ആലിന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കിംസ് ആശുപത്രിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ നൽകിയത്. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം ആലിന്റെ മൃതദേഹം മല്ലപ്പള്ളിയിൽ എത്തിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.
















