തിരുവനന്തപുരം: വിഡി സതീശൻ നുണകളുടെ രാജാവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കരിക്കുലം ഫ്രെയിം ചെയ്യുന്ന കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ടെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഉള്ള പ്രതിപക്ഷനേതാവിന്റെ പ്രതികരണം തെറ്റാണെന്ന് മന്ത്രി പറയുന്നു. പണ്ടുമുതലുള്ള പാഠപുസ്തകം പ്രിന്റ് ചെയ്ത് നൽകുന്നത് ക്രെഡിറ്റ് ആയി എടുക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
ഏറെ കാലത്തിന് ശേഷം ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്കരിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികൾ പഠിക്കുന്നത് എന്ന് വി ഡി സതീശൻ ഒഴികെ എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിൽ ഇനി വരുന്ന അക്കാദമിക വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികൾ പഠിക്കുക. അതിന്റെ അടുത്ത അധ്യയന വർഷം പ്ലസ് ടു പാഠപുസ്തകങ്ങളും പരിഷ്കരിക്കപ്പെടും. എന്തിനാണ് വി ഡി സതീശൻ ഇത്രയും നുണ പറയുന്നതെന്നും മന്ത്രി ചോദിച്ചു.
















