Homepage Featured Kerala News

സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ; അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയിൽനിന്ന് പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ ആയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും ഒരറിയിപ്പ് പോലുമില്ലാതെ താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം നടൻ പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വിശദീകരണക്കുറിപ്പിലൂടെ പ്രതികരിച്ചത്.

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് എൽഡിഎഫിന്റെയോ ​ഗവൺമെന്റിന്റെയോ നിലപാടുകളുമായി ബോജിക്കണമെന്നില്ലെന്ന് മന്ത്രി പറഞ്ഞു. സച്ചിദാനന്ദൻ മാഷിന്റേയും പ്രേംകുമാറിന്റേയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്ന് തന്റെ വാർത്താക്കുറിപ്പിൽ മന്ത്രി സജി ചെറിയാൻ പറയുന്നു.

ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല. അദ്ദേഹം വൈസ് ചെയർമാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ മികച്ചതും തൃപ്തികരവുമാണ്. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാനായി സ്ഥാനമേറ്റെടുത്തത്. നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതായും വാർത്താക്കുറിപ്പിൽ മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പ്രേംകുമാറിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽഅത് സംസാരിച്ച് പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രേംകുമാറിന്റെ വിമർശനം നേരത്തേ പുറത്തുവന്നിരുന്നത്. സാഹിത്യ അക്കാദമി ചെയർമാന്റെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും എന്നാൽ സ്ഥാനത്ത് നിന്ന് നീക്കാൻ ഇപ്പോഴും സർക്കാർ തയ്യാറല്ലെന്നും പ്രേംകുമാർ പറഞ്ഞു.

‘കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിൻറെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.’-പ്രേംകുമാർ പറഞ്ഞു. ഇത് സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമിയുടെ ചെയർമാൻ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നുവെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.

Related Posts