Homepage Featured India News

കേരള സവാരിക്ക് പിന്നാലെ ഭാരത് ടാക്സിയും എത്തുന്നു; സവിശേഷതകൾ ഇങ്ങനെ

ഡൽഹി: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേരളത്തിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച കേരള സവാരിക്ക് പിന്നാലെ കേന്ദ്ര സർക്കാരും ടാക്സി ബുക്കിം​ഗ് ആപ്പ് പുറത്തിറക്കി. ‘ഭാരത് ടാക്സി’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ചുമതല കൂടിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ‘ഭാരത് ടാക്സി’ പുറത്തിറക്കിയത്.

ഭാരത് ടാക്സിയിൽ ദിവസം 30 രൂപ യൂസർഫീ അടച്ചാൽ വരുമാനം പൂർണമായും ഡ്രൈവർമാർക്ക് എടുക്കാം. ഡ്രൈവർമാരെ ‘സാരഥി’ എന്നാണ് ഭാരത് ടാക്സി ആപ്പിൽ വിളിക്കുന്നത്. ഡ്രൈവർമാർക്ക് കമ്മീഷൻ മാത്രം നൽകി ഉയർന്ന തുക കൈക്കലാക്കുന്ന കുത്തകകളുടെ പ്രവർത്തനം അവസാനിപ്പിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

തിരക്കുള്ള സമയങ്ങളിൽ അധിക ചാർജ്ജ് ഈടാക്കുന്ന ഊബർ ഒല കമ്പനികളിലെ രീതിയും ഭാരത് ടാക്സിയിൽ ഉണ്ടാകില്ല. നിശ്ചിത ദൂരത്തിന് ഫിക്സഡ് ആയ ചാർജ്ജ് ആയിരിക്കും നൽകേണ്ടത്. ഇത് സമയത്തിന് അനുസരിച്ചോ തിരക്കിന് അനുസരിച്ചോ വ്യത്യാസപ്പെടില്ല. യാത്രാക്കൂലി എളുപ്പത്തിൽ നൽകാൻ പേടിഎമ്മുമായി ഭാരത് ടാക്സി ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള കേരളാ സവാരി സർവീസിൽ ഉള്ളതിന് സമാനമായി പൊലീസിനെ ആപ്പിലൂടെ ബന്ധപ്പെടാനുള്ള സൗകര്യവും ഭാരത് ടാക്സിയിൽ ഉണ്ടാകും.

Related Posts