തിരുവനന്തപുരം: ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും ഒരറിയിപ്പ് പോലുമില്ലാതെ താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടുവെന്നും നടൻ പ്രേംകുമാർ. ‘സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രേംകുമാറിന്റെ വിമർശനം. സാഹിത്യ അക്കാദമി ചെയർമാന്റെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും എന്നാൽ സ്ഥാനത്ത് നിന്ന് നീക്കാൻ ഇപ്പോഴും സർക്കാർ തയ്യാറല്ലെന്നും പ്രേംകുമാർ പറഞ്ഞു.
‘കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിൻറെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.’-പ്രേംകുമാർ പറഞ്ഞു. ഇത് സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമിയുടെ ചെയർമാൻ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നുവെന്നും പ്രേംകുമാർ പറയുന്നു.
IFFK യുടെ മുപ്പതാം എഡിഷൻറെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെ സിനിമാഅവാർഡ് പ്രഖ്യാപനത്തിൻറെ കൃത്യം തലേ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും താൻ പുറത്തായെന്ന് പ്രേംകുമാർ പറയുന്നു. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം തന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നുവെന്നും
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ ‘പ്രേംകുമാറിൻറെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്’ പരസ്യമായി പ്രകീർത്തിക്കുകയുണ്ടായെന്നും പ്രേം കുമാർ ഓർമിക്കുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് കാരണം വ്യക്തമാക്കാതെ പുറത്താക്കിയപ്പോൾ തന്റെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് തനിക്ക് സംശയം തോന്നിയെന്നും പ്രേംകുമാർ പറയുന്നു. ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതായിരിക്കാം തന്നെ പുറത്താക്കാനുള്ള കാരണമെന്നും പ്രേംകുമാർ കരുതുന്നു.
‘ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന ‘ആശാവർക്കർമാരായ സഹോദരിമാരെയും’ നാം ഓർക്കേണ്ടതല്ലേയെന്ന’ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് – എൻറെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.’- ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ തനിക്കു ലഭിച്ചിട്ടില്ലെന്നും നടൻ പറയുന്നു.
ഇത് തന്നെ അത്ഭുതപെടുത്തുന്നുവെന്നും ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നതെന്നും പ്രേംകുമാർ കുറ്റപ്പെടുത്തുന്നു. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻറെ കാര്യത്തിൽ സംഭവിക്കുന്നത് ? എന്ന ചോദ്യവും പ്രേംകുമാർ ഉന്നയിക്കുന്നു. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേർക്ക് ഒരു നീതി മറ്റു ചിലർക്ക് വേറൊരു നീതി എന്ന നിർവചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ ‘കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒട്ടും യാദൃശ്ചികമല്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രേംകുമാർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
















