ഡൽഹി: ബംഗ്ലദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനിലുള്ള ബംഗ്ലദേശിലെ ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 158 സീറ്റുകളിൽ വിജയിച്ച ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയാണ് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ.
ജനാധിപത്യപരമായും, പുരോഗമനപരമായും ജനങ്ങളെ ഉൾക്കൊള്ളുന്ന ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് താരിഖ് റഹ്മാന് നരേന്ദ്രമോദി ഉറപ്പുനൽകി. ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാന്‍. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ സിയാവുർ റഹ്മാൻ 1981ൽ വെടിയേറ്റുമരിച്ചിരുന്നു. തുടർന്നാണ് ഭാര്യ ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് കടന്നത്. അന്ന് താരിഖ് റഹ്മാന് 16 വയസായിരുന്നു പ്രായം.
അമ്മയ്ക്കൊപ്പം രാഷ്ട്രീയത്തിൽ ചുവടുവെച്ച താരിഖ് റഹ്മാൻ, ഷെയ്ഖ് ഹസീന ഭരണത്തിൽ എത്തിയതോടെ നിരവധി അഴിമതി കേസുകളിൽ പ്രതി ചേർക്കപ്പെട്ടു. ചില കേസുകളിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. തുടർന്ന് രാജ്യം വിട്ട താരിഖ് 2008 ലണ്ടനിലായിരുന്നു. 2024 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി. ഇതിനുശേഷം താരിഖ് റഹ്മാനെതിരെയുള്ള കേസുകൾ പിൻവലിക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിൽ മടങ്ങിയെത്തി. തുടർന്നാണ് താരിഖ് റഹ്മാൻ തെരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് പാർട്ടിയെ നയിച്ചത്.
















