Homepage Featured Kerala News

പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അ​ഗസ്റ്റ്യൻ; ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനിച്ചില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കേരള കോൺ​ഗ്രസിൽ തർക്കം. നേരത്തേ ഒരു പരിപാടിയിൽ പങ്കെടുക്കവേ പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റ്യൻ പറഞ്ഞിരുന്നു. എൽഡിഎഫ് മധ്യമേഖല ജാഥ അടിമാലിയിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ജോസ് കെ മാണിയുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്ന അം​ഗങ്ങളുടെ അഭിപ്രായമാണ് റോഷി അ​ഗസ്റ്റ്യൻ പങ്കുവെച്ചതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. താൻ മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ജോസ് കെ മാണി കൊച്ചിയില്‍ പറഞ്ഞു. റോഷിക്ക് സ്നേഹം കൂടുതലും ചോരതിളപ്പും കൊണ്ടാണ് മൈക്ക് പിടിച്ചുവാങ്ങിയത് എന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ജോസ് കെ മാണിയുടെ പ്രതികരണം.

അതേസമയം വിഷയത്തിൽ റോഷി അ​ഗസ്റ്റ്യൻ നേരത്തേ പ്രതികരിച്ചിരുന്നു. ജോസ് കെ മാണി പാലയിൽ മത്സരിക്കണമെന്നത് തന്റെ രക്തത്തിളപ്പ് കൊണ്ടുള്ള പ്രതികരണമല്ലെന്നും കേരള കോൺഗ്രസ് നാഥനില്ലാത്ത കളരി അല്ലെന്നും പാർട്ടിക്ക് വേണ്ടത് ലീഡർഷിപ്പാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. എന്നാൽ പാല വേണോ മറ്റേതെങ്കിലും സുരക്ഷിത മണ്ഡലം വേണോ എന്ന കാര്യത്തിൽ ജോസ് കെ മാണി ആശയക്കുഴപ്പത്തിലാണ് ജോസ് കെ മാണിയെന്നാണ് സൂചന. കേരള കോൺ​ഗ്രസ് എം എൽഡിഎഫിൽ തുടരാനുള്ള തീരുമാനമെടുക്കുന്നതിലും റോഷി അഗസ്റ്റിൻ പ്രധാന പങ്കുവഹിച്ചിരുന്നു.

Related Posts