തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്തിയത് വഴി ദേവസ്വം ബോർഡിനും സർക്കാരിനും ഉണ്ടായ ഭീമമായ സാമ്പത്തിക ചെലവ് നികത്താൻ ഈ മാസം 17 നുള്ള ദേവസ്വം യോഗം നിർണായക തീരുമാനങ്ങളെടുത്തേക്കും. പരിപാടി സ്പോൺസർ ചെയ്യുമെന്ന് ഏറ്റിരുന്നവരെ ഉടനെ കണ്ടെത്തി തുക ദേവസ്വത്തിൽ അടപ്പിക്കാൻുള്ള നടപടിയാണ് ആദ്യം സ്വീകരിക്കുക. ഇതോടൊപ്പം പരിപാടി നടത്താൻ കരാർ ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ സർവീസ് സൊസൈറ്റിയോട് കരാർ ഉണ്ടായിരുന്ന തുക കുറയ്ക്കാനും ആവശ്യപ്പെടും.
അയ്യപ്പസംഗമത്തിലെ അതിഥികള്‍ക്കായി ഹോട്ടല്‍ മുറികൾ ബുക്ക് ചെയ്തതിലും പരിപാടിക്കായി പന്തൽ ഒരുക്കിയതിലും 4.35 കോടിലധികം ചെലവുവന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഊരാളുങ്കലിന്‍റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് കണ്‍സ്ട്രക്ഷന് മാത്രം നാല് കോടി രൂപയാണ് ദേവസ്വം നൽകേണ്ടത്. പശ്ചാത്തല സൗകര്യം ഒരുക്കിയതിനും തിരുവനന്തപുരത്തും കൊച്ചിയിലും കുമരകത്തും മൂന്നാറിലുമുള്ള ഹോട്ടലുകള്‍ക്കുമായാണ് ബാക്കി തുക നൽകാനുള്ളത്.
















