കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ സംഘർഷം. സമരാനുകൂലികളുമായി യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപണിമുടക്കിനിടെ പുതിയങ്ങാടി ജിഎം യുപി സ്കൂൾ ജീവനക്കാർ ജോലിക്കെത്തിയതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റിന്റെ മകന് പരുക്കേറ്റു. ലീഗ് പ്രവർത്തകനായ ലാസർ എന്നയാളുടെ അടിയേറ്റാണ് വിദ്യാർത്ഥിക്ക് പരുക്കേറ്റത്. നിലവിൽ അധ്യാപകർ തിരിച്ചുപോയതോടെ പൊലീസ് ഇടപെട്ട് സമരക്കാരെ പിരിച്ചുവിടുകയാണ്.
പലയിടത്തും സമരാനുകൂലികൾ കടകളും സ്ഥാപനങ്ങളും അടപ്പിച്ചു. പെരുമ്പാവൂരിൽ ഇന്ത്യൻ ബാങ്ക് സമരാനുകൂലികൾ അടപ്പിച്ചു. രാവിലെ മുതൽ തുറന്നുപ്രവർത്തിച്ച ബാങ്ക് ആണ് സമരക്കാർ അടപ്പിച്ചത്. വയനാട്ടിൽ കാത്തലിക് സിറിയൻ ബാങ്ക് ഐഎൻടിയുസി പ്രവർത്തകർ അടപ്പിച്ചു. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ ഹാജർനില കുറവാണ്. പണിമുടക്ക് ദിവസം 494 പേർ(10.6%) മാത്രമാണ് സെക്രട്ടറിയേറ്റിൽ ജോലിക്ക് ഹാജരായത്.
അതേസമയം തൊഴിലാളി പ്രതിഷേധത്തിനായി വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. കോട്ടക്കലിൽ പണിമുടക്ക് ദിവസത്തെ ട്രേഡ് യൂണിയൻ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകാം ഐഎൻടിയുസി തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നുനിൽക്കാത്തത്. ഐഎൻടിയുസി പറഞ്ഞത് വിഡി സതീശൻ കേട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പണിമുടക്ക് ദിവസം കല്പറ്റയിൽ ഐഎൻടിയുസിക്കാര്‍ ലോറി ഡ്രൈവറെ തടഞ്ഞത് പോലെ വിഡി സതീശന്‍റെ വാഹനവും തടയുമോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
















