ഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച സംയുക്ത പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 വരെ പണിമുടക്ക് തുടരും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവന്നത് ഒഴിവാക്കുക. കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കും.
ഗതാഗതം: ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
















