തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ശബരിമല മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. ഈ മാസം 25 ന് ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകും. 2019 ൽ സ്വർണപ്പാളികൾ കൈമാറുമ്പോൾ സ്വർണം തൂക്കി നൽകേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു തിരുവാഭരണ കമ്മീഷണറായ കെഎസ് ബൈജു. എന്നാൽ ഇയാൾ ആ ദിവസം സന്നിധാനത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്തെ അസാന്നിധ്യം ഗൂഢാലോചനയ്ക്കുള്ള തെളിവായാണ് എസ്ഐടി കണക്കാക്കിയത്.
സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തുവന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തെളിവുകളില്ലാത്തതിനാൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് റിമാൻഡിലായി 43ാം ദിവസം ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം കേസുകളിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ദേവസ്വം മുൻ കമ്മിഷണറും പ്രസിഡന്റുമായ എൻ വാസുവിനും സാവാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇവർക്കുപിന്നാലെയാണ് ഇപ്പോൾ കെഎസ് ബൈജുവിനും ജാമ്യം ലഭിച്ചിരിക്കുന്നത്.
















