Homepage Featured Kerala News

രാഹുലിന് മുൻകൂർജാമ്യം; മൂന്നുദിവസം ചോദ്യം ചെയ്യൽ, മൊബൈൽഫോൺ അന്വേഷണസംഘത്തിന് കൈമാറുക തുടങ്ങിയ വ്യവസ്ഥയിലാണ് ജാമ്യം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. തന്നെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കർശന ഉപാധികളോടെ പാലക്കാട് എംഎൽഎ ആയ രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

ഫെബ്രുവരി 16 ന് അന്വേഷണ ഉദ്യോ​ഗസ്ഥന് മുമ്പിൽ ഹാജരാകണം. മൂന്നുദിവസം രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ കാലയളവിൽ മൊബൈൽ ഫോൺ കൈമാറണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം, പാസ്‌പോർട്ട് സമർപ്പിക്കണം, കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. കേരളത്തിന് പുറത്ത് പോകാൻ എംഎൽഎയ്ക്ക് അനുവാദമില്ല. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, മറ്റൊരു കുറ്റകൃത്യവും ചെയ്യരുത്, ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്ത് അദ്ദേഹത്തെ വിട്ടയക്കാം.

Related Posts