ഡൽഹി: യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് SNDP അംഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രാതിനിധ്യ വോട്ടവകാശം പുനഃസ്ഥാപിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകരായ ജെയിംസ് പി തോമസ്, എ കാർത്തിക് എന്നിവരാണ് ഹർജി കോടതിയിൽ സമർപ്പിച്ചത്.
എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടെന്ന് നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കഴിഞ്ഞ വർഷം ഡിസംബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെയാണ് ഇപ്പോൾ SNDP അംഗങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമോ എന്ന് മൂന്ന് മാസത്തിനുള്ളിൽ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം വി വിജയകുമാർ, ധർമ്മരാജൻ എന്നിവരുടെ ഹർജിക്ക് എതിരായി SNDP ജനറല്‍ സെക്രട്ടറിക്കായി തടസ്സഹർജി ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകൻ റോയ് എബ്രഹാം ആണ് തടസ്സഹർജി ഫയൽ ചെയ്തത്. തങ്ങളുടെ വാദം കേൾക്കാതെ ഹർജിയിൽ വിധി പറയരുതെന്നാണ് തടസ്സഹർജിയിലെ ആവശ്യം.
















