Homepage Featured Kerala News

കെകെ ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കോണ്‍ഗ്രസ് നേതൃത്വത്തിനു കനുഗോലുവിന്റെ മുന്നറിയിപ്പ്

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും.

തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ശീലം എല്‍ഡിഎഫിനോ സിപിഎമ്മിനോ ഇല്ല. ഇത്തവണയും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകില്ലെങ്കിലും 2016, 2021 തിരഞ്ഞെടുപ്പുകളില്‍ ജയിച്ചാല്‍ പിണറായി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായ പോലെ ഇത്തവണ കെകെ ശൈലജയുടെ പേരിനായിരിക്കും മുന്‍തൂക്കം.

നിയമസഭാ സമ്മേളനത്തില്‍ ശൈലജ ടീച്ചര്‍ക്കു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. സിപിഎമ്മിനായി സഭയ്ക്കുള്ളിലും പുറത്തും ശൈലജ ടീച്ചര്‍ പ്രധാന മുഖമായി. എല്‍ഡിഎഫ് എംഎല്‍എമാരുടെ സഭയ്ക്കു പുറത്തുള്ള പ്രതിഷേധ പരിപാടി അടക്കം നയിച്ചത് ശൈലജ ടീച്ചറാണ്. ഇതെല്ലാം ശൈലജയ്ക്കു ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും ശൈലജ ടീച്ചര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി കനുഗോലു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിപിഎം ശൈലജ ടീച്ചറെ ഉയര്‍ത്തിക്കാണിക്കുമെന്നും അത് യുഡിഎഫിനു തിരിച്ചടിയായേക്കുമെന്നുമുള്ള മുന്നറിയിപ്പുള്ളത്. ചരിത്രത്തില്‍ ആദ്യമായി വനിത മുഖ്യമന്ത്രി എന്ന പ്രചരണം എല്‍ഡിഎഫിനു ഗുണം ചെയ്യുമെന്നാണ് കനുഗോലുവിന്റെ വിലയിരുത്തല്‍.

കനുഗോലു റിപ്പോര്‍ട്ടിനു പിന്നാലെയാണ് ശൈലജ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശൈലജ ടീച്ചറെ സിപിഎം ഉയര്‍ത്തിക്കാണിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് യുഡിഎഫ് ക്യാംപുകളില്‍. ശൈലജ ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ് മിക്ക കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകളും. ശൈലജ ടീച്ചര്‍ക്കു ടേം ഇളവ് കിട്ടിയാല്‍ അതിനര്‍ത്ഥം അവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും എന്നുള്ളതാണ്. അങ്ങനെ വന്നാല്‍ സ്ത്രീ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. അതുകൊണ്ട് ശൈലജ ടീച്ചര്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങണമെന്ന നിര്‍ദേശവും കനുഗോലു റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.

Related Posts