ഡൽഹി: ഫ്രാൻസിൽ നിന്ന് 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 3.25 ലക്ഷം കോടി രൂപ ചെലവിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.
നേരത്തേ വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങിയതിനും നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്ക് കരാർ നൽകിയതിനും പുറമേയാണ് 114 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാറിന് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരമായിരിക്കുന്നത്. 2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ ഇത് ഇതുവരെ കൈമാറിയിട്ടില്ല. സോഫ്റ്റ്‌വെയർ ഇന്‍റഗ്രേഷൻ, ടെസ്റ്റിംഗ് തുടങ്ങിയ പ്രശ്നങ്ങൾ കാരണമാണ് ഇത് വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനിടെയാണ് 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനുള്ള സർക്കാർ നീക്കം.
















