Homepage Featured Kerala News

താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്; കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനിക്കും ജോസ് കെ മാണി

റോഷി തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതിൽ തൻ്റേതാണെങ്കിലും മറ്റ് എംഎൽഎമാരുടെ കാര്യമാണെങ്കിലും പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ വച്ച് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. എന്നാൽ ഉടൻ അദ്ദേഹത്തിൽ നിന്ന് മൈക്ക് വാങ്ങിയശേഷം ‘ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി പ്രഖ്യാപിക്കുകയായിരുന്നു.

Related Posts