കൊച്ചി: 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിയുന്നതിന് എത്തിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം. സംസ്ഥാന വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ 2017 ലെ ശബരിമല ദേവസ്വം ബോർഡാണ് കൊടിമരം പുതുക്കിപ്പണിതത്. ഇതുമായി ബന്ധപ്പെട്ട് വാജിവാഹനം എന്ന കൊടിമരത്തിലെ ശിൽപം തന്ത്രി കണ്ഠരരു രാജീവർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇതും ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. 2012 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ലോഹവസ്തുക്കൾ ശബരിമലയിൽ നിന്ന് മറ്റാർക്കെങ്കിലും കൈമാറുന്നത് ചട്ടലംഘനമാണ്.
അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി പ്രോസിക്യൂഷൻ്റെ വാദം കേൾക്കും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. പ്രതിഭാഗത്തിൻ്റെ വാദം ഇന്നലെ പൂർത്തിയായി. ആചാരപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നതെന്ന് തന്ത്രിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഗൂഢാലോചനയിൽ അടക്കം തന്ത്രിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസു സമർപ്പിച്ച ജാമ്യഹർജിയിലും ഇന്ന് കോടതി വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതി സ്വാഭാവിക ജാമ്യം തേടിയത്. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു.
കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടിക്ക് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാൽ നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തെളിവുകളില്ലാത്തതിനാൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് മാൻഡിലായി 43ാം ദിവസം ജാമ്യം ലഭിച്ചിരുന്നു.
















