കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നടി ശോഭന അടക്കം മൂന്ന് പേര്‍ക്കും ഇതുവരെ ലഭിച്ചില്ല.
സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഡോ. എന്‍പി ഉണ്ണി, ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ടിഎം കൃഷ്ണ, ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ കണക്കിലെടുത്ത് ശോഭന എന്നിവർക്ക് ഡി ലിറ്റ് ബിരുദം നൽകുമെന്ന് 2021 ൽ കാലടി സംസ്കൃത സർവകലാശാല പ്രഖ്യാപനം നടത്തിയിരുന്നു. ഇതാണ് അഞ്ചു വർഷമായിട്ടും നൽകാത്തത്.
2021 ൽ ഗവർണറുടെ അസൗകര്യത്തെത്തുടർന്നാണ് ഡി ലിറ്റ് ബിരുദം നൽകുന്ന ചടങ്ങ് മാറ്റിയത്. എന്നാൽ പിന്നീട് അങ്ങോട്ടും ഇത് നടത്തിയില്ല. ചടങ്ങ് നടത്താൻ മറന്നു പോയതാകാമെന്നാണ് അന്നത്തെ വിസിയായ ധര്‍മരാജ് അടാട്ട് പറയുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് സർവകലാശാലയെന്നും ഡി ലിറ്റിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇപ്പോഴത്തെ വിസിയായ ഡോ. ഗീതാ കുമാരി പറയുന്നു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ. എന്‍പി ഉണ്ണി. കര്‍ണാടക സംഗീതത്തിലെ വായ്പാട്ടുകാരിലൊരാളാണ് ടിഎം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ടിഎം കൃഷ്ണ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അനുഗ്രഹീത കലാകാരിയും നർത്തകിയുമാണ് ശോഭന.
















