കൊച്ചി: അറസ്റ്റ് ചെയ്യുമ്പോൾ കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പൊലീസ് പാലിച്ചില്ലെന്നത് കണക്കിലെടുത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം. ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയന് ആണ് ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.
പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ ബൈക്കിന്റെ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഋതു ജയൻ. കഴിഞ്ഞ വർഷം ജനുവരി 16 ന് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൂട്ടക്കൊല. ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തന്നെ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ കക്ഷി ചേർന്ന ജിതിൻ വാദിച്ചിരുന്നു. ഇതുപരിഗണിച്ച കോടതി എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്യാനുള്ള കാരണം പ്രതിയെ അറിയിച്ചില്ലെന്ന് കേസ് ഡയറിയിൽ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് ജാമ്യം.
















