തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ വിഎസ് ശിവകുമാറിന്‍റെ ഡ്രൈവർക്കും സുഹൃത്തിനും വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു വിഎസ് ശിവകുമാർ. ഈ കാലഘട്ടത്തിൽ ബിനാമികൾ വഴിയും നേരിട്ടുമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്.
കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിൻെറ അടുത്ത സുഹൃത്തുമായ രാജേന്ദ്രൻ എന്നയാളുടെ ആസ്തിയിൽ അഞ്ച് വർഷത്തിനിടെ 1 കോടി രൂപയുടെ വർദ്ധനയുണ്ടായി. എന്നാൽ ഈ കാലയളവിൽ ഇയാളുടെ വരുമാനം 12 ലക്ഷം മാത്രമാണ്. വിഎസ് ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരന് 27 ലക്ഷത്തിനടുത്ത് ആസ്തിവർധന ഉണ്ടായിട്ടുണ്ട. 6 ലക്ഷമാണ് ഇക്കാലയളവിലെ ഷൈജു ഹരന്റെ വരുമാനം. ശിവകുമാറിന്റെ സുഹൃത്തായ അഡ്വ ഹരികുമാറിനും വരവിൽ കൂടുതൽ സ്വത്തുണ്ടായെന്ന് വിജിലൻസ് കണ്ടത്തിയിട്ടുണ്ട്. 2011 മെയ് 18 മുതൽ 2016 മെയ് 20വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നൽകി.
















