തിരുവനന്തപുരം: മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ ആണെന്നും പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ലെന്നും ആർ ശ്രീലേഖ. വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പണം ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു. നരേന്ദ്രമോദിയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാര്‍ക്കൊപ്പം ഉള്ള യാത്ര വേണ്ടെന്ന് വച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖയുടെ വിശദീകരണം.
കേരള എക്സ്പ്രസിൽ കയറി പലയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര. തിരിച്ചെത്തുന്നത് 13നാണ്. 14 പേരാണ് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത്. തന്റെ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണെന്ന് പറഞ്ഞപ്പോൾ വിമാനം അറേഞ്ച് ചെയ്യാമെന്ന് ബിജെപിയുടെ ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പൈസ ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്ന് ശ്രീലേഖ പറഞ്ഞു. വ്യക്തിപരമായി യാത്ര ചെയ്യുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ട്. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ സെര്‍വന്‍റ് ലീവിലായതിനാല്‍ അഞ്ച് ദിവസം മാറി നിൽക്കാൻ സാധിക്കില്ല. പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല പോകാത്തതെന്നും ശ്രീലേഖ വിശദീകരിക്കുന്നു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടിയെന്നും അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
















