Homepage Featured Kerala News

ബേപ്പൂർ മണ്ഡലത്തിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം; കെപിസിസി പ്രസിഡൻ്റിന്റേത് ഔദ്യോ​ഗിക പ്രഖ്യാപനമല്ലെന്ന് വിഡി സതീശൻ

കണ്ണൂർ: ബേപ്പൂർ മണ്ഡലത്തിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന ഔദ്യോ​ഗിക പ്രഖ്യാപനമല്ലെന്ന് വിഡി സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്ന് വിഡി സതീശൻ പറഞ്ഞു. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്നായിരുന്നു സണ്ണി ജോസഫ് നേരത്തേ പറഞ്ഞിരുന്നത്. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്നതിനാലാണ് കെപിസിസി പ്രസിഡന്റ് അത്തരത്തിൽ പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നുമാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.

ഇതോടെ പിവി അൻവർ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പിവി അൻവർ ബേപ്പൂർ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സണ്ണി ജോസഫ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ. പിഎ മുഹമ്മദ് റിയാസ് മണ്ഡലത്തിൽ 82165 വോട്ടുകൾ നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ പിഎം നിയാസിന് 53,418 വോട്ടുകളാണ് നേടാനായത്. ബിജെപി മണ്ഡലത്തിൽ 26,267 വോട്ട് നേടിയിരുന്നു.

Related Posts