Homepage Featured India News

മണിപ്പൂരിൽ വീണ്ടും കുക്കി-മെയ്തി സംഘർഷം

ഇംഫാൽ: ബിരേൻസിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ അവസാനിച്ച മണിപ്പൂരിലെ സംഘർഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കുക്കി-മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. പുതുതായി രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമായ കുക്കി വിഭാ​ഗം എംഎൽഎമാർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. കുക്കി വിഭാ​ഗം തന്നെയായിരുന്നു പ്രതിഷേധം നടത്തിയത്. മെയ്തി വിഭാ​ഗത്തിന് മുൻതൂക്കമുള്ള മണിപ്പൂരിലെ സർക്കാരിൽ മുഖ്യമന്ത്രിയായ യുമാന്‍ ഖേംചന്ദും ഇതേ വിഭാ​ഗത്തിൽ നിന്നുള്ളയാളാണ്. ഈ മന്ത്രിസഭയിൽ തങ്ങളുടെ വിഭാ​ഗത്തിൽ നിന്നുള്ള എംഎൽഎമാർ ഭാ​ഗമാകരുത് എന്ന് ആവശ്യപ്പെട്ടായിരുന്നു കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധം. എന്നാൽ ഈ പ്രതിഷേധം വീണ്ടും കുക്കി മെയ്തി സംഘർഷത്തിലേക്ക് നീങ്ങി.

നിലവിൽ ഉഖ്രുൽ മേഖലയിൽ സംഘർഷം രൂക്ഷമാണ്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രദേശത്ത് നിരവധി വീടുകൾക്ക് കലാപകാരികൾ തീവെച്ചു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ചത്. ചുരചന്ദ്പൂരിലെ കുക്കി പ്രതിഷേധങ്ങൾ വ്യാപക അക്രമത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

രണ്ട് വർഷത്തോളമായി തുടർന്ന കലാപത്തെത്തുടർന്ന് 2025 ഫെബ്രുവരി 13 നാണ് കേന്ദ്രസർക്കാർ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ആഭ്യന്തര കലാപം തടയാൻ കഴിയാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കുക്കി – മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ രണ്ടുവർഷത്തോളം നീണ്ട കലാപത്തിലേക്ക് നീങ്ങിയത്.

Related Posts