ഡൽഹി: പൊതുമേഖലാ കമ്പനികളും റിലയൻസും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി റോയിട്ടേഴ്സ്. ഏപ്രിൽ മാസം മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് എന്നീ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള കരാർ നിലവിലുള്ളതിനാൽ അതുവരെ വിതരണം തുടരും. എണ്ണകമ്പനികൾ നേരത്തേ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഗണ്യമായി കുറച്ചിരുന്നു. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യുഎസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രസർക്കാർ റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തുന്നത്. 2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള ഉപരോധത്തിന്റെ ഭാഗമായി മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങളുടേയും ഇറക്കുമതിക്ക് യുഎസ് ഭരണകൂടം 25% അധിക നികുതി ചുമത്തിയിരുന്നു. ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. ഇത് കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് ഭരണകൂടം പിൻവലിച്ചു. “റഷ്യൻ ഫെഡറേഷൻ ഗവൺമെന്റ് അമേരിക്കയ്ക്ക് ഉയർത്തുന്ന ഭീഷണികൾ പരിഹരിക്കുന്നതിനുള്ള തീരുവകൾ പരിഷ്കരിക്കൽ” എന്ന തലക്കെട്ടിലുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് ട്രംപ് ഈ അധിക നികുതി പിൻവലിച്ചത്. പുതിയ തീരുമാനമനുസരിച്ച് ഇറക്കുമതി നികുതി 18 ശതമാനമായി കുറയും. റഷ്യയുമായുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ അധിക നികുതി പിൻവലിക്കും എന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് നരേന്ദ്രമോദി നിലപാടെടുത്തതാണ് യുഎസിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനങ്ങൾക്ക് കാരണമായത് എന്നാണ് വിവരം. ഫെബ്രുവരി 2 ന് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്ന് ഇന്ത്യ യുഎസുമായി ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കിയെന്നും എക്സിക്യുട്ടീവ് ഉത്തരവിൽ പരാമർശമുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, അധിക നികുതി കുറയ്ക്കാനുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. വിഷയം ഇന്ന് പ്രതിപക്ഷം പാർലിമെന്റിൽ ഉന്നയിക്കും.
















