തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതി മുടങ്ങിയതിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും തദ്ദേശ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് പദ്ധതിയെന്നും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജലലഭ്യത ഉറപ്പാക്കുമെന്ന തീരുമാനത്തിൽ നിന്ന് ജലവിഭവ വകുപ്പ് പിന്നോട്ട് പോയിരുന്നു. ക്യാബിനറ്റ് ധാരണ ലംഘിക്കപ്പെട്ടെന്നും അതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സാങ്കേതികമായ തടസ്സങ്ങൾ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന് ഇത്തരമൊരു പദ്ധതി അനിവാര്യമാണെന്നും മന്ത്രിസഭയുടെ പൊതുവായ താല്പര്യം സംരക്ഷിക്കപ്പെടുമെന്നും എംബി രാജേഷ് കൂട്ടിചേർത്തു.
എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടിയേറ്റിരുന്നു. സർക്കാർ നൽകിയ പ്രാഥമിക അനുമതി അന്ന് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചായിരുന്നു അനുമതി റദ്ദാക്കിയത്. വേണ്ടത്ര പഠനം നടത്തിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്. എന്നാൽ വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകുന്നത് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
















