ന്യൂഡൽഹി: മുസ്ലീം മതവിഭാഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വീഡിയോ വിവാദത്തിൽ. ബിജെപി സമൂഹമാധ്യമ ഹാൻഡിലുകളിൽ പങ്കുവച്ച വീഡിയോയാണ് വിവാദമായിരിക്കുന്നത്. പിന്നീട് വീഡിയോ ബിജെപി പേജുകളിൽ നിന്ന് നീക്കി. എഐ വീഡിയോ എന്നാണ് നേതൃത്വം പറയുന്നെതെങ്കിലും പ്രതിപക്ഷം ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘പോയിൻ്റ് ബ്ലാങ്ക് ഷോട്ട്’ എന്ന് പേരിട്ടിരുന്ന ഈ വീഡിയോ ഇപ്പോൾ അസം ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. അസം മുഖ്യമന്ത്രി വെടിയുതിർക്കുന്നതും മുസ്ലിങ്ങളായ രണ്ടുപേരുടെ നേർക്ക് വെടിയുണ്ട പായുന്നതും വീഡിയോയിലുണ്ട്. പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയത്.
ഭരണഘടനയുടെ നെഞ്ചിലേക്കാണ് വെടിയുതിർക്കുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗർഹി ആരോപിച്ചു. ഇത്തരം വീഡിയോകൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകണമെന്നും കോടതികൾ ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ചയും കാണിക്കരുതെന്നും അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു. ബിജെപിയുടെ ഉന്നത നേതൃത്വം പ്രചരിപ്പിക്കുന്ന “വിഷമാണ്” ഈ വീഡിയോ എന്ന് എക്‌സ് പോസ്റ്റിലൂടെ കെസി വേണുഗോപാൽ വിമർശിച്ചു.
















